സമയം.....

"ഏത് സമയത്തും ഇതിലും തോണ്ടിക്കൊണ്ടിരിപ്പാ... എപ്പോ നോക്കിയാലും ആ വള്ളിം ഞാത്തിട്ടുണ്ടാവും.. എന്താ എപ്പോഴും ഇതിലൊട്ടിങ്ങനെ നോക്കുന്നെന്നു മാത്രം മനസ്സിലാകുന്നില്ല "... 
അമ്മയാണ്... കാലത്തു തന്നെ കലിപ്പിലാണ്... .. മേല്പറഞ്ഞ തോണ്ടൽ മൊബൈലിലും വള്ളി ഹെഡ്സെറ്റും ആണ് ട്ടോ... ഇപ്പൊ എന്തേലും പറഞ്ഞാൽ മൊബൈൽ തോട്ടിലും വള്ളി എന്റെ കഴുത്തിലുമാകും... തീർച്ച.. അമ്മെ പറഞ്ഞിട്ടും കാര്യമില്ല... ഈയിടെയായി അമ്മയോടൊന്നും സംസാരിക്കാൻ പോലും സമയമില്ല.. ലൈകും ഷെയറും പോക്കും ഒക്കെയായി ഫേസ്ബുക്കിൽ ഭയങ്കര തിരക്കാന്നെ... നമ്മടെ കണ്ണൊന്നു തെറ്റിയാൽ കമ്മെന്റ്സ് കൊഴപ്പിച്ചു കളയും... അപ്പപ്പോ ഉള്ള കാര്യങ്ങൾ ഒന്നും അറിയാനും പറ്റില്ല... ഇത്രേം തിരക്കിട്ടു പണിയുന്നെനെടേൽ അമ്മെനോട് സംസാരിക്കാനെവിടെ നേരം... ????അല്ലെങ്കി ഞ്ഞി ഇതൊക്കെ അമ്മേനെ പഠിപ്പിക്കണം... അപ്പഴേ അവർക്കു നമ്മടെ ടെന്ഷന് മനസ്സിലാകൂ.. ഇതൊക്കെ പോരാഞ്ഞു വാട്സാപ്പിൽ ഒറ്റക്കും കൂട്ടമായും എത്തുന്ന വാർത്തകൾ വേറെയും.. 
അടുത്തിടെ വീട്ടിൽ വന്നിട്ടു പോയ അമ്മാമ പറഞ്ഞത്രേ ഇവനൊന്നും മിണ്ടാൻ പോലും സമയമില്ലലോ എന്ന്.. എങ്ങനെ മിണ്ടും.. ?? അമ്മാമ ഇങ്ങോട്ടു വരുന്ന  സമയത്താണ് അമ്മാമേടെ മോള് ചാറ്റിൽ വരുന്നത്.. ഞാൻ അമ്മാമ്മേനോട് മിണ്ടോ അതോ മോളോട് ചാറ്റോ... ?? അവൾക്കു ഫോൺ എടുക്കാൻ അനുവാദമില്ലത്രേ.. അമ്മാമ വീട്ടിലുള്ളപ്പോ. !!!
അതെന്തെലുമാട്ടെ... എനിക്കിപ്പോ അതൊന്നും നോക്കാനോ കേക്കാനോ സമയമില്ല... സമയമില്ല..... സമയമില്ല... ഹോ മനസ്സിൽ ഇങ്ങനെ ഉറച്ച തീരുമാനമെടുക്കുമ്പോൾ എന്തൊരു സന്തോഷം.. !!
ഉച്ചക്ക് ഊണ് കഴിക്കാൻ അച്ഛൻ വരാത്തതിന്റെ ദേഷ്യം അമ്മ തീർത്തത് എന്റെ മേലെ തന്നെ.... സത്യത്തിൽ അച്ഛന് ഹോസ്പിറ്റലിൽ പോണം അത് വഴി ഊണ് കഴിക്കാൻ വീട്ടിൽ കേറാം എന്നൊക്കെ പറഞ്ഞിരുന്നു പക്ഷെ അതിനു കടയിൽ പകരത്തിനു നിൽക്കാൻ അച്ഛൻ കണ്ടുപിടിച്ച ആൾ അച്ഛനെ പറ്റിച്ചു... ആൾ മറ്റാരുമല്ല ട്ടോ.. ഞാൻ തന്നെ... നമ്മക്ക് ഈ തിരക്കിനിടെൽ കടേൽ നിക്കാൻ എവിടെ സമയം.. ??!!!
വൈകീട്ട് അച്ഛൻ വരണ്ട നേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ അമ്മ അച്ഛനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു... എന്താ പറയുന്നെന്നു ശ്രദ്ധിക്കാൻ ശ്രമിച്ചില്ല... കുരിശായാലോ.. ???
അമ്മ ഓടിപ്പിടച്ചു മുറിയിലേക്കു കയറി വന്നു... "അച്ഛൻ ഉച്ചക് ഹോസ്പിറ്റലിൽ പോയില്ല... നല്ല തിരക്കാർന്നു കടയിലത്രേ... കുറെ നേരം വിശ്രമമില്ലാതെ ഒരേ നിൽപ്പ് നിന്നപ്പോ കുഴഞ്ഞു വീണു.. അടുത്തുള്ള കടക്കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് ".... പറഞ്ഞു തീർന്നതും അമ്മ നിലത്തു വീണതും ഒന്നിച്ചായിരുന്നു... 
ഹോസ്പിറ്റലിൽ അച്ഛനും അമ്മയും അപ്പുറവും ഇപ്പുറവും കട്ടിലുകളിൽ കിടക്കുമ്പോ അവർക്കു നടുവിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കാനേ എനിക്കു കഴിയുന്നുള്ളൂ.... ഫേസ്ബുക്കിൽ നിന്നും വാട്സാപ്പിൽ നിന്നും ഒരല്പം സമയം മാറ്റി വച്ചു അച്ഛന് കൊടുത്തിരുന്നെങ്കിൽ ഇന്ന് രണ്ടു പേരും ഒരു കുഴപ്പവുമില്ലാതെ സന്തോഷമായി വീട്ടിലിരുന്നേനെ... !! എന്റെ മാത്രം സന്തോഷത്തിനായി ഞാൻ നീക്കി വക്കുന്ന എന്റെ സമയത്തിൽ ഒരല്പമെങ്കിലും ഇനി മുതൽ അവർക്കു വേണ്ടിയും മാറ്റി വക്കണം... അതെന്റെ ഔതാര്യമല്ല... അവരുടെ അവകാശമാണ്..... !!!!
..................
സമയം.... നമ്മളെ സ്നേഹിക്കുന്നവർക്ക്, നമ്മൾ സ്നേഹിക്കുന്നവർക്ക്... അവർക്കു കൊടുക്കാൻ പറ്റുന്നതിൽ വച്ചേറ്റവും നല്ലൊരു സന്തോഷം.. സമ്മാനം... അവർക്കായി ഒരൽപ്പം സമയം... അവരുടെ സന്തോഷങ്ങളിൽ... സങ്കടങ്ങളിൽ... പങ്കു ചേരാൻ ഒരല്പം സമയം... അതാണ് നമ്മളിൽ നിന്നും മറ്റുള്ളവർ ആഗ്രഹിക്കുന്ന ഏറ്റവും വലിയ പരിഗണന... കൂടുതലൊന്നും അവർ പ്രതീക്ഷിക്കുന്നുമുണ്ടാവില്ല.... അല്ലേ... ???

Comments